തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ‘കീ റ്റു എൻട്രൻസ്’ പ്രത്യേക പരിശീലനപരിപാടിയുടെ എഐ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഘട്ടം ആരംഭിച്ചു.
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ എട്ടു ലക്ഷം കുട്ടികൾക്ക് കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ, പിഎസ്സി തുടങ്ങിയ വിവിധ മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാൻ ഇതു സഹായിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എല്ലാ സ്ട്രീമുകളിലെയും കുട്ടികൾക്കായി സൗജന്യ എൻട്രൻസ് പരിശീലനം നൽകുന്നത്. പൊതുപ്രവേശന പരീക്ഷകൾക്കായി തയാറെടുക്കുമ്പോൾ പ്രായോഗിക പരിശീലനം അത്യാവശ്യമായതിനാൽ കുട്ടികൾക്കു സ്വയം പരിശീലിക്കുന്നതിനായി വിപുലമായ മോക് ടെസ്റ്റുകൾ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
എഐ സംവിധാനങ്ങളോടൊപ്പം വിദഗ്ധരായ അധ്യാപകർ പരിശോധിച്ച് ഉറപ്പാക്കിയ 20,000ലധികം ചോദ്യങ്ങൾ പോർട്ടലിൽ ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലെ പരിശീലനം പോർട്ടലിലുണ്ട്. 25 മുതൽ രണ്ടാം ഘട്ടത്തോടൊപ്പം ഇംഗ്ലീഷ്, റീസണിംഗ്, ജനറൽ അവയർനസ് തുടങ്ങിയ വിഷയങ്ങളുടെ പരിശീലനവും ആരംഭിക്കും.
11, 12 ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ സ്കൂളുകളിൽനിന്നു ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് www.entrance.kite.kerala.gov.in പോർട്ടലിലൂടെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. കുട്ടിയുടെ യൂസർ ഐഡി ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി ആപ്ലിക്കേഷൻ നമ്പരാണ്. ഇതു പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതത് പ്രിൻസിപ്പൽ/ നോഡൽ ടീച്ചർ ഇതനുസരിച്ച് പാസ്വേഡ് ജനറേറ്റ് ചെയ്തു നൽകും. ഇതിനുള്ള വിശദമായ യൂസർ ഗൈഡുകളും വീഡിയോ ട്യൂട്ടോറിയലുകളും പോർട്ടലിൽ നൽകിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾക്കുപുറമെ എൻട്രൻസ് പോർട്ടൽ വഴിയും youtube.com/itsvicters കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനൽ വഴിയും കുട്ടികൾക്ക് ക്ലാസുകൾ എപ്പോൾ വേണമെങ്കിലും കാണാം. സ്വന്തമായി ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സ്കൂളുകളിൽത്തന്നെ അതിനുള്ള സൗകര്യം പ്രിൻസിപ്പൽമാർ ഒരുക്കിനൽകും. കൂടുതൽ സാങ്കേതിക സഹായങ്ങൾക്ക് കൈറ്റിന്റെ ജില്ലാ ഓഫീസുകളെ സമീപിക്കണം.